മലകളും തോടുകളും വയലേലകളും കൊണ്ട് പ്രകൃതിഭംഗി നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് കറുകച്ചാലിനു സമീപമുള്ള നെത്തല്ലൂർ. സംസ്ഥാനപാതയായ കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ. ഇവിടെയാണ് അഭയവരദയും  ലോകരക്ഷകിയുമായ നെത്തല്ലൂരമ്മ മഹിഷാസുര മർദ്ദിനീ ഭാവത്തിൽ ഭക്തലക്ഷങ്ങൾക്ക് അനുഗ്രഹമേകി നിലകൊള്ളുന്നത്. പാമരനെപ്പോലും  പണ്ഡിതനാക്കി സർവ വിജ്ഞാനവും അഷ്ടൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന കരുണാമയിയാണ് നെത്തല്ലൂരമ്മ. ദ്വാപരയുഗത്തിൽ പാണ്ഡവരുടെ വനവാസക്കാലത്ത് യോഗീശ്വരനായ അർജ്ജുനന്റെ തപശക്തിയിൽ നിന്നും പൂജാവിദാനങ്ങളിൽ നിന്നും ഉദയം ചെയ്ത ദേവി ചൈതന്യമാണ്….

ഈ ക്ഷേത്രത്തിന് ഏതാണ്ട് 1000 വർഷം പഴക്കം ഉണ്ട് എന്ന് കരുതപ്പെടുന്നു. പ്രസ്തുത ക്ഷേത്രം സ്ഥിതി ചെയ്യുന്ന നെത്തല്ലൂരിന് കിഴക്കു ഭാഗത്ത് മനക്കര എന്ന സ്ഥലത്ത് അനവധി നമ്പൂരിമനകൾ ഉണ്ടായിരുന്നു. ഒരു സംസ്ക്കാരത്തിന്റെ നിരവധി ശേഷിപ്പുകൾ ഈ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പഴയ മുനിയറകളും ശിലാഫലകങ്ങളും മൺകലങ്ങളും അവയിൽപെടുന്നു. നെത്തല്ലൂർ, ആമ്പരൂർ തുടങ്ങി നിരവധി ദുർഗ്ഗാ ക്ഷേത്രങ്ങളുടെ പേരിൽ അവസാനം ഊർ(നാട്) എന്ന തമിഴ്പദം ചേർക്കപ്പെട്ടിട്ടുണ്ട്. ഇവിടെയൊക്ക് തമിഴ് ബ്രാഹ്മണൻമാർ അക്കാലത്ത് താമസിച്ചിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ക്ഷേത്രങ്ങളെപ്പറ്റിയും ഇവിടുത്തെ ആരാധനാ രീതികളെപ്പറ്റിയും തരുനിഴൽമാല എന്നറിയപ്പെടുന്ന അടുത്തകാലത്ത് കണ്ടെത്തിയ കൃതിയിൽ നിന്നും മനസ്സിലാക്കാം. 108 ദുർഗ്ഗാലയങ്ങളിൽ നെത്തല്ലൂരിനെപ്പറ്റിയും പ്രതിപാദിച്ചിട്ടുള്ളതായി ചരിത്ര പണ്ഡിതന്മാർ വെളിപ്പെടുത്തുന്നു. നെത്തല്ലൂരിന്റെ തിളക്കമാർന്ന ഗതകാല ചരിത്രം കാലത്തിന്റെ വേലിയേറ്റത്തിൽ മൺമറഞ്ഞുപോയിരിക്കുന്നു. ആധുനികതയുടെ മാറ്റങ്ങൾ നമ്മുടെ ദേശത്തിന്റെ മുഖഛായ തന്നെ മാറ്റി. ഇവിടെ നഷ്ടമായത് ആയിരത്താളുകളുടെ വളർന്നു വികസിച്ച പാരമ്പര്യങ്ങളാണ്സം, സ്കാരമാണ്, അതോടെപ്പം ചരിത്രവും. 
 പഴയ ക്ഷേത്രം നെത്തല്ലൂർ എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും പിന്നീട് നെത്തല്ലൂർ ദേവീ ക്ഷേത്രം എന്നറിയപ്പെട്ടു. തെക്കൻ തിരുവിതാംകൂറിലെ രാജാക്കമാർ ചൂടുകാലത്ത് കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഉല്ലാസയാത്രയ്ക്ക് കുതിരവണ്ടിയിൽ പോയിരുന്ന പാതയാണ് പിന്നീട് സംസ്ഥാനപാതയായും ദേശീയപാതയായും അറിയപ്പെടുന്നത്. മുകിലപ്പടയുടെ പടയോട്ടക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഭയപ്പെട്ട അന്നത്തെ ഭരണാധികാരി ക്ഷേത്രത്തിലെ സ്വർണ്ണ നിർമ്മിതമായ കൊടിമരവും മറ്റ് സ്വർണാഭരണങ്ങളും ക്ഷേത്രത്തിന്റെ ആറാട്ട്കുളം സ്ഥിതി ചെയ്യുന്ന ചിറയ്ക്കൽ എന്ന സ്ഥലത്ത്‌ ചേറിൽ താഴ്ത്തി എന്നാണ് ഐതിഹ്യം. ഒരിക്കലും വറ്റാത്ത നീരുറവ ഉള്ള സ്ഥലമാണ് ഇപ്പോഴും ചിറയ്ക്കൽ എന്ന സ്ഥലം. അന്യാധീനപ്പെട്ടു പോയ ഈ സ്ഥലത്ത് കൊടിമരവും പൂജാ പാത്രങ്ങളും കിടപ്പുണ്ട് എന്ന് ശാസ്ത്രീയരീതിയിലൂടെ കണ്ടുപിടിക്കപ്പെട്ടുണ്ട്. എന്തായാലും ഇതെല്ലാം ഒരു ചരിത്ര വസ്തുതയായി അവശേഷിക്കുന്നു.നൂറ്റാണ്ടുകൾക്ക് മുൻപ് ചെറുവള്ളി എന്ന സ്ഥലത്ത് നിന്നും ചമ്പക്കരയിലേയ്ക്ക് കുടിയേറിയ തോട്ടുപ്പുറത്തു കുറുപ്പൻമാരുടെ ആരാധനമൂർത്തിയായിരുന്നു അഭയവരദയായ നെത്തല്ലൂരമ്മ. അന്നത്തെ ക്ഷേത്രത്തിന്റെ അവകാശാധികാരത്തിൽപ്പെട്ടിരുന്ന ഭാഗങ്ങളാണ് കിഴക്കേനെത്തല്ലൂർ, തേക്കേനെത്തല്ലൂർ, വടക്കേനെത്തല്ലൂർ, നടുവിൽനെത്തല്ലൂർ തുടങ്ങിയ പ്രദേശങ്ങൾ. ചിലതൊക്കെ ഈ പേരിൽ ഇപ്പോഴും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കൈടാച്ചിറ, നന്ത്യാപറമ്പ്, പനക്കവയൽ തുടങ്ങിയ പാടശേഖരങ്ങളിലെ ധാന്യത്തിന്റെ വാർഷികാംശമായിരുന്നു ക്ഷേത്രത്തിലെ നിത്യനിദാനത്തിന് ഉപയോഗിച്ചിരുന്നത്. 
നെത്തല്ലൂർ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളുടെ പഴയ ആധാരങ്ങൾ പരിശോധിക്കുമ്പോൾ നെത്തല്ലൂരമ്മയുടെ തോട്ടവക എന്നു രേഖപ്പെടുത്തിയിട്ടുള്ളതായി കാണാവുന്നതാണ്. ഇങ്ങനെ ഉണ്ടായിരുന്നതുകൊണ്ട് പണ്ടു കാലത്ത് മറ്റു സമുദായത്തിൽപ്പെട്ടവർ എണ്ണയും പൂജാ സാധനങ്ങളും വഴിപാടായി സമർപ്പിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. ക്ഷേത്രം തോട്ടുപ്പുറത്തുള്ള കുറുപ്പമാരുടെ കൈകളിൽ നിന്നും ഇടപ്പള്ളി തമ്പുരാന്മാരുടെ കൈകളിൽ എത്തിച്ചേർന്നപ്പോൾ ഉദ്യോഗസ്ഥൻമാരുടെ ദുർഭരണം മൂലം നിത്യപൂജ മുടങ്ങുകയും വർഷങ്ങളോളം അനാഥമായി കിടക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം അന്നത്തെ നാട്ടുപ്രമാണികൾ ഇടപ്പള്ളി തമ്പുരാക്കന്മാരെ കണ്ട് ക്ഷേത്രം വിട്ടുതരണം എന്ന് അഭ്യർത്ഥിച്ചു. ക്ഷേത്രം വക സ്വത്തുകൾ മിക്കവയും അന്യാധീനപ്പെടുകയും ശേഷിച്ച ക്ഷേത്രവും സ്വത്തുകളും അവകാശങ്ങളും അന്നത്തെ 581- നമ്പർ എൻ. എസ്. എസ് കരയോഗത്തിനു വിട്ടുകൊടുക്കുകയുമാണ് ഉണ്ടായത്. കരയോഗത്തിന്റെ ചുമതലയത്തിൽ കറുകച്ചാൽ നെരിയാനിപ്പൊയ്കയിൽ ഷൺമുഖനാശാരി എന്ന ശില്പി, ദേവിയുടെ ഇന്നത്തെ വിഗ്രഹം നിർമ്മിച്ച് 1123 ആണ്ട് മകര മാസം 28ാം തീയതി പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു.